Kerala
അര്‍ജുനായി തിരച്ചില്‍ തുടങ്ങിയിട്ട് ഏഴാം നാള്‍; കരയിലും പുഴയിലും ഇന്ന് പരിശോധന നടത്തും
സൈന്യം ഇന്ന് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക.

ബെംഗളുരു| കര്‍ണ്ണാടക ഷിരൂരില്‍ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിക്കൊപ്പം കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് ദിവസം. അര്‍ജുനെ കണ്ടെത്താനായുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് പരിശോധനകള്‍ക്ക് വെല്ലുവിളിയാണ്.
ശക്തിയേറിയ ജിപിആര്‍ ഉള്‍പ്പടെ എത്തിച്ചാകും ഇന്ന് പരിശോധന നടത്തുക. പുഴയിലും കരയിലും ഇന്ന് പരിശോധന നടത്തും. മണ്ണ് ഇടിഞ്ഞിടത്ത് ലോറി ഇല്ലെന്ന് പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമാകും ഈ ഭാഗത്തെ പരിശോധന നിര്‍ത്തുക.
അതേസമയം, ലോറി കരയില്‍ തന്നെയുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്‌റാഈല്‍ പറയുന്നത്. റോഡില്‍ മലയോട് ചേര്‍ന്നുള്ള ഭാഗത്ത് ലോറിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഞ്ജിത് പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്യാധുനിക റഡാര്‍ സംവിധാനം എത്താത്തത്ത് പോരായ്മയാണെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
രക്ഷാദൗത്യത്തിനായി ഇന്നലെ സൈന്യമെത്തിയിരുന്നു. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂര്‍ത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.
വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയമുണ്ടെങ്കില്‍ കരയിലേതു പോലെ അവിടെയും തിരയണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയെങ്കിലും തിരച്ചിലിന് വേഗം കൂട്ടണമെന്നും വീഴ്ച കുറക്കണമെന്നും കുടുംബം പറഞ്ഞു. അര്‍ജുനെ കണ്ടെത്താതെ ഷിരൂരില്‍ ഉള്ള ബന്ധുക്കള്‍ മടങ്ങി വരില്ല. കാത്തിരിക്കാനെ തങ്ങള്‍ക്ക് ഇപ്പോള്‍ കഴിയൂവെന്നും കുടുംബം പ്രതികരിച്ചു.
അതേസമയം, അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹരജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നു ഹരജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.