National
യുപിയിലെ ആശുപത്രിയില്‍ നവജാതശിശുക്കള്‍ വെന്തുമരിക്കാന്‍ കാരണം അധികൃതരുടെ ഗുരുതര അനാസ്ഥ; സമാജ്വാദി പാര്‍ട്ടി
തീപിടിത്തത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് യു പി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയും പരുക്കേറ്റ കുടുംബങ്ങള്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഝാന്‍സി| ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയില്‍ നവജാതശിശുക്കള്‍ വെന്തുമരിക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥയെന്ന് സമാജ്വാദി പാര്‍ട്ടി. വെള്ളിയാഴ്ച ഉച്ചക്കും ആശുപത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായ പരിശോധന നടന്നില്ല. ആവശ്യമായ കരുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും എസ്പി നേതാവ് ചന്ദ്രപാല്‍ സിങ് യാദവ് പറഞ്ഞു. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എസ്പി നേതാവ് കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ മരണം അതീവ ദുഃഖകരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തീപിടിത്തത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് യു പി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയും പരുക്കേറ്റ കുടുംബങ്ങള്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിനും യുപി സര്‍ക്കാര്‍ ഉത്തരവിട്ടു.
ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് പ്രാദേശിക ഭരണകൂടം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വവ്യക്തമാക്കി.
ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 10 കുട്ടികളാണ് വെന്തുമരിച്ചത്. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.