KPCC reorganization
രൂക്ഷ വിഭാഗീയത: കെ പി സി സി പുനഃസംഘടന നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ കെ സുധാകരന് നിര്‍ദേശം നല്‍കി
തിരുവനന്തപുരം | ഡി സി സി ഭാരവാഹികളുടെ പട്ടിക സംബന്ധിച്ച് എം പിമാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുനഃസംഘടന നിര്‍ത്തിവെക്കാന്‍ കെ പി സി സിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറാണ് കെ പി സി സി സി പ്രസിഡന്റ് സുധാകരന് നിര്‍ദേശം നല്‍കിയത്. ഡി സി സി ഭാരവാഹികളുടെ പട്ടിക അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വിഭാഗീയതയുടെ പേരില്‍ ഹൈക്കമാന്‍ഡ് നടപടി.
എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍ എന്നിവരാണ് പരാതി നല്‍കിയത്. പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ പി സി സി, ഡി സി സി ഭാരവാഹിത്വം അനര്‍ഹര്‍ക്കു ലഭിക്കുകയാണെന്നുമാണ് എം പിമാര്‍ പരാതിപ്പെട്ടത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു.