National
ലൈംഗികാരോപണം: ഗുസ്തി താരങ്ങളുമായി നടത്തിയ ചർച്ച പരാജയം; ബ്രിജ് ഭൂഷന്റെ രാജിയിലുറച്ച് താരങ്ങൾ
ബ്രിജ് ഭൂഷൺ സിംഗ് രാജിവെച്ച് ജയിലിൽ പോകുന്നത് തങ്ങൾ ഉറപ്പാക്കുമെന്ന് വിനേഷ് ഫൊഗട്ട്
ന്യൂഡൽഹി | റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ചില വനിതാ ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ച സംഭവത്തിൽ ഗുസ്തിതാരങ്ങളും കേന്ദ്ര കായിക സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ച പരാജയം. സർക്കാറിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ പോലീസിനെ സമീപിക്കുമെന്നും ഗുസ്തി താരം ബജ്റംഗ് പുനിയയുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി. കായിക സെക്രട്ടറിയുമായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഇന്ന് തങ്ങളുടെ പ്രതിഷേധത്തിന്റെ രണ്ടാം ദിനമാണ്. സർക്കാറിൽ നിന്ന് ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. ബ്രിജ് ഭൂഷൺ സിംഗ് രാജിവെച്ച് ജയിലിൽ പോകുന്നത് തങ്ങൾ ഉറപ്പാക്കും – യോഗത്തിന് ശേഷം ഗുസ്തിതാരം വിനേഷ് ഫൊഗട്ട് വ്യക്തമാക്കി. തങ്ങള്‍ക്ക് സമയബന്ധിതമായ ഉറപ്പ് വേണമെന്നും ആ കാലയളവിനായി കാത്തിരിക്കുമെന്നും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് പറഞ്ഞു. പീഡനം ക്യാമറകള്‍ക്ക് മുന്നില്‍ നടക്കില്ല. അത് അടച്ച മുറികളിലാണ് സംഭവിക്കുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
റസ്‍ലിംഗ് ഫെഫഡറേഷൻ ഓഫ് ഇന്ത്യയുടെ ഫേവറിറ്റുകളായ ചില പരിശീലകർ വനിതാ ഗുസ്തി താരങ്ങളോട് മോശമായി പെരുമാറിയതായി വിനേഷ് ഫൊഗട്ട് ആരോപിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം ഉയർന്നുവന്നത്. ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് വനിതാ അത്‍ലറ്റുകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും വിനേഷ് ഫൊഗട്ട് ആരോപിച്ചിരുന്നു. 2020ൽ ടോക്കിയോ ഒളിംപിക്സിൽ പരാജയപ്പെട്ടതിനെതുടർന്ന് തന്നെ കള്ളനാണയമെന്ന് ബ്രിജ്ഭൂഷൺ വിളിച്ചതായും അവർ ആരോപിച്ചു. അഞ്ച് വനിതാ ഗുസ്തി താരങ്ങൾക്ക് നേരെ ഇത്തരത്തിൽ ലൈംഗികാതിക്രമം ഉണ്ടായതായും അതിന്റെ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഒളിംപ്യൻ ബജ്റംഗ് പുനിയയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഗുസ്തി താരങ്ങൾ പ്രത്യക്ഷ സമര രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു.
ഇതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുകയും കേന്ദ്ര കായിക മന്ത്രാലയം റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്നായിരുന്നു നിർദേശം.