Kerala
സിദ്ദിഖിനെതിരായ ലൈംഗിക കേസ്: നടന്നത് ക്രൂരമായ ബലാത്സംഗമെന്ന് യുവനടി; നാളെ രഹസ്യമൊഴിയെടുക്കും
മസ്‌കറ്റ് ഹോട്ടലിനോട് വിവരങ്ങള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി

തിരുവനന്തപുരം | സിനിമാ നടന്‍ സിദ്ദിഖിനെതിരെ യുവനടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ക്രൂരമായ ബലാത്സംഗം നടന്നുവെന്ന് നടി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടന്നെന്ന് പറയുന്ന സ്ഥലമായ മസ്‌കറ്റ് ഹോട്ടലിനോട് വിവരങ്ങള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. നടിയുടെ രഹസ്യമൊഴി നാളെ തിരുവനന്തപുരം കോടതിയിലെ വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തും.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ ഗുരുതരമായ കാര്യങ്ങളാണ് യുവ നടി സിദ്ദിഖിനെതിരെ മൊഴിയായി നല്‍കിയിരിക്കുന്നത്. യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ മ്യൂസിയെ പോലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്‌ഐആര്‍.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടി വെളിപ്പെടുത്തിയിരുന്നത്. യുവനടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.