National
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ ലൈംഗിക ആരോപണം; സമരം ചെയ്യുന്ന കായിക താരങ്ങളെ മന്ത്രാലയം ചര്‍ച്ചയ്ക്ക് ക്ഷണിച്ചു
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് കായിക താരങ്ങള്‍ സമരം ചെയ്യുന്നത്.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ സമരം ചെയ്യുന്ന താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കായികമന്ത്രാലയം. ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളാണ് ചര്‍ച്ചയ്ക്ക് പോകുന്നത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ജന്ദര്‍മന്ദിറില്‍ കായിക താരങ്ങള്‍ സമരം ചെയ്യുന്നത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനാണ് ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്.
ബ്രിജ് ഭൂഷണെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. സമരം കൂടുതല്‍ ശക്തമാക്കാനാണ് രാജ്യത്തെ ഗുസ്തി താരങ്ങളുടെ തീരുമാനം. ഇതിനിടെയാണ് കായിക മന്ത്രാലയം താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതുവരെ സമരം തുടരാനാണ് താരങ്ങളുടെ തീരുമാനം. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍നടപടികളുമായി താരങ്ങള്‍ മുന്നോട്ടുപോകും. അതേസമയം, ആരോപണങ്ങള്‍ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ മൗനം വെടിയണമെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയും ആവശ്യപ്പെട്ടു.