Connect with us

National

മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചു; കോച്ചിന് സസ്പെന്‍ഷന്‍

കേസില്‍ നുണപരിശോധന നടത്താന്‍ ചണ്ഡീഗഡ് പോലീസ് അനുമതി തേടിയപ്പോള്‍ മന്ത്രി സമ്മതിച്ചിരുന്നില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| ഹരിയാന മന്ത്രി സന്ദീപ് സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ജൂനിയര്‍ വനിതാ കോച്ചിന് സസ്‌പെന്‍ഷന്‍. കായിക വകുപ്പ് ഡയറക്ടര്‍ യശേന്ദ്ര സിങ്ങാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പേര് വിഷയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായി കോച്ച് വെളിപ്പെടുത്തിയിരുന്നു.

2023 ഓഗസ്റ്റ് 11 ന് കായിക വകുപ്പ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്നാല്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ ഈ ഉത്തരവ് അയച്ചതെന്നും വനിതാ കോച്ച് പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് സസ്പെന്‍ഡ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷന്‍ ഉത്തരവിന് തൃപ്തികരമായ കാരണങ്ങളൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല.

കഴിഞ്ഞ 4 മാസമായി കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നത് വിലക്കിയിരിക്കുകയാണെന്നും ഇതുമൂലം തന്റെ കായിക ജീവിതം പൂര്‍ണ്ണമായും തകര്‍ന്നതായും വനിതാ കോച്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നാണ് അന്നത്തെ കായിക മന്ത്രി സര്‍ദാര്‍ സന്ദീപ് സിംഗിനെതിരെ ജൂനിയര്‍ വനിതാ പരിശീലക പീഡനാരോപണം ഉന്നയിച്ചത്. മൂന്ന് ദിവസത്തിന് ശേഷം അവര്‍ ചണ്ഡീഗഡ് പോലീസില്‍ പരാതി നല്‍കി.

ഡിസംബര്‍ 31ന് മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സന്ദീപ് സിങ്ങിനെ കായിക മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് മാസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ ചണ്ഡിഗഡ് പോലീസിന് കഴിഞ്ഞിട്ടില്ല.ഈ കേസില്‍ നുണപരിശോധന നടത്താന്‍ ചണ്ഡീഗഡ് പോലീസ് അനുമതി തേടിയപ്പോള്‍ സമ്മതം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. പോളിഗ്രാഫി ടെസ്റ്റിന് തെളിവ് മൂല്യമില്ലെന്നും അത് ടെന്‍ഷന്‍ അളക്കുക മാത്രമാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ മറുപടി നല്‍കിയത്.