Connect with us

National

ലൈംഗികാതിക്രമം; പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രജ്വല്‍ അഭിഭാഷകന്‍ മുഖേന അപേക്ഷ നല്‍കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി|ലൈംഗികാതിക്രമക്കേസില്‍ രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രജ്വല്‍ അഭിഭാഷകന്‍ മുഖേന അപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം അന്വേഷണം വൈകിപ്പിച്ച് രക്ഷപ്പെടാന്‍ കര്‍ണ്ണാടക സര്‍ക്കാന്‍ അവസരമൊരുക്കിയെന്ന് ബി.ജെ.പി പറയുന്നു. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രജ്വലിന് രക്ഷപ്പെടാനുള്ള പദ്ധതി ഒരുക്കിയത് ദേവഗൗഡയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രജ്വലിനും പിതാവും ജെ.ഡി.എസ്. എം.എല്‍.എ.യുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യോഗത്തില്‍ നടപടിയെടുത്തത്.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്. ഹാസനില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ, പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ഒരു സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരുന്നു. 2019 മുതല്‍ 2022 വരെ പലതവണ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പരാതി.