Kerala
മലയാളി റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും
അക്രമത്തിനിരയായ കൊല്ലം സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം അവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാകും രേഖാചിത്രം തയ്യാറാക്കുക.
കൊല്ലം | തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതില്‍ അന്വേഷണ സംഘം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും. അക്രമത്തിനിരയായ കൊല്ലം സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം അവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാകും രേഖാചിത്രം തയ്യാറാക്കുക.
അക്രമി കാക്കി പാന്റ്‌സ് ആണ് ഇട്ടിരുന്നതെന്നും ഷര്‍ട്ട് ധരിച്ചിരുന്നില്ലെന്നും ജീവനക്കാരി പോലീസിന് മൊഴി നല്‍കിയിരുന്നു. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തി. സംഭവവുവമായി ബന്ധപ്പെട്ട് നാല് പെയിന്റിങ് തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. പാവൂര്‍ ഛത്രം റെയില്‍വേ മേല്‍പ്പാലം നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട അതിഥി സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാരിയുടെ മാതാപിതാക്കള്‍ ആരോപിച്ചിട്ടുണ്ട്. അതിക്രൂരമായ മര്‍ദനമാണുണ്ടായതെന്ന് കുടുംബം പറയുന്നു.
റെയില്‍വേ ഡി എസ് പി. പൊന്നുസ്വാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്ത് റെയില്‍വേ പോലീസ് വ്യാപക പരിശോധനയും തിരച്ചിലും നടത്തിവരികയാണ്.