National
വാട്‌സ് ആപ്പ് വഴി ലൈംഗികാതിക്രമം, ആള്‍മാറാട്ട തട്ടിപ്പുകൾ കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഏഴ് തരത്തിലുള്ള തട്ടിപ്പുകള്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി | വാട്സ്ആപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിദഗ്ത സംഘം മുന്നറിയിപ്പ് നല്‍കി. മിസ് കോളുകള്‍ , വീഡിയോ കോളുകള്‍ , ജോലി വാഗ്ദാനങ്ങളുടെയും നിക്ഷേപങ്ങളുടെയും പേരിലുള്ള തട്ടിപ്പ് , ആള്‍മാറാട്ടം , സ്‌ക്രിന്‍ ഷെയറിങ് തുടങ്ങി ഏഴോളം കുറ്റകൃത്യങ്ങള്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് തിരിച്ചറിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ് വിഷയങ്ങളെ കുറിച്ച് പഠിക്കുന്ന വിദഗ്ത സംഘമാണ് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ (ബി പി ആര്‍ ഡി ) .
തട്ടിപ്പുകാര്‍ ഇരകളുടെ വാട്‌സപ് അക്കൗണ്ട് കൈവശപ്പെടുത്തുകയും കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പണം ആവശ്യപ്പെട്ട് മേസേജുകള്‍ അയക്കുകയും ചെയ്യുന്നതായി സാമ്പത്തിക തട്ടിപ്പുകള്‍ പരാമര്‍ശിച്ചു കൊണ്ടുള്ള എട്ട് പേജോളം വരുന്ന മുന്നറിയിപ്പില്‍ പറയുന്നു. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന വീഡിയോ കോളുകള്‍ നഗ്ന വീഡിയോ കോളുകളാക്കി മാറ്റി ഭീഷണിപ്പെടുത്തുന്നതായും മുന്നറിയിപ്പിലുണ്ട്. ഹാക്കര്‍മാര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നതായും ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പറയുന്നു.
വിയറ്റ്‌നാം , കെനിയ , എത്യോപ്പ്യ , മലേഷ്യ എന്നീ രാജ്യങ്ങളുടെ കണ്‍ട്രി കോഡുകളില്‍ തുടങ്ങുന്ന നമ്പരുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നതെന്ന് ബി പി ആര്‍ ഡി പറഞ്ഞു. ആള്‍മാറാട്ട തട്ടിപ്പുകളുടെ ഭാഗമായി തട്ടിപ്പുകാര്‍ കമ്പനി സി ഇ ഒ ആണെന്നോ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നോ പറഞ്ഞാണ് ഇരകളെ ബന്ധപ്പെടുന്നത്. സി എഫ് ഒ , സി ഒ ഒ , സി ടി ഒ , തുടങ്ങി ഉന്നത മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളെയാണ് ഇവര്‍ തട്ടിപ്പുകള്‍ക്കായി ലക്ഷ്യം വെക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തട്ടിപ്പുകള്‍ക്കായി ലക്ഷ്യം വെക്കുന്നതായും ബി പി ആര്‍ ഡി യുടെ മുന്നറിയിപ്പില്‍ പറയുന്നു.
പണം കൈമാറാനായി തട്ടിപ്പുകാര്‍ ഇരകളുടെ സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ അന്വേഷിക്കുകയും സമാന പ്രൊഫൈലുകള്‍ സൃഷ്ടിക്കുകയും ഇരകളുടെ വ്യക്തിഗത വിവരങ്ങള്‍ നേടുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങള്‍ നടത്തിയ അക്കൗണ്ടുകളുടെ വിവരങ്ങളും ബി പി ആര്‍ ഡി യുടെ മുന്നറിയിപ്പില്‍ പ്രസിദ്ധീകരിച്ചു.
ബാങ്ക് ഉദ്യോഗസ്ഥരായും ധനകാര്യ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരായും തട്ടിപ്പുകാര്‍ സ്വയം പരിചയപ്പെടുത്തുകയും ഇരകളെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശേഷം സോഫ്റ്റ് വെയറുകളും ആപ്പുകളും ഉപയോഗിച്ച് ഇരകളുടെ ബാങ്ക് വിവരങ്ങള്‍ , പാസ് വേര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ കൈക്കലാക്കുകയാണ് ചെയ്യുന്നത്.
മുന്‍കരുതലിന്റെ ഭാഗമായി വാട്‌സപ്പിലൂടെയുള്ള അജ്ഞാത സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും സംശയമുള്ള സന്ദേശങ്ങള്‍ ഒഴിവാക്കണമെന്നും ബി പി ആര്‍ ഡി പറയുന്നു. അപ്പോഴും ഈ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടെത്താന്‍ ബി പി ആര്‍ ഡി ക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം, മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് സുരക്ഷാ സവിശേഷതകളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ നിരവധി ക്യാമ്പയിനുകള്‍ നടത്തുന്നുണ്ട്.