Connect with us

Ongoing News

ലൈംഗിക പീഡനക്കേസ്: ഡാനിസ് ആല്‍വസ് കുറ്റവിമുക്തന്‍

യാത്രാ വിലക്ക് ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും കോടതി പിന്‍വലിച്ചു.താരത്തിനെതിരായ കേസ് പൊരുത്തക്കേടുകളും വൈരുധ്യങ്ങളും നിറഞ്ഞതാണെന്ന് കോടതി.

Published

|

Last Updated

മാഡ്രിഡ് | ബാഴ്‌സലോണയുടെയും ബ്രസീല്‍ ദേശീയ ടീമിന്റെയും മുന്‍ പ്രതിരോധ നിര താരം ഡാനി ആല്‍വസിനെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി സ്പാനിഷ് കോടതി. 41കാരനായ ആല്‍വസിന്റെ അപ്പീല്‍ പരിഗണിച്ച കാറ്റലോണിയയിലെ ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് കേസില്‍ താരത്തെ വെറുതെ വിടുകയായിരുന്നു. യാത്രാ വിലക്ക് ഉള്‍പ്പെടെ അദ്ദേഹത്തിനെതിരായ എല്ലാ നിയന്ത്രണങ്ങളും കോടതി പിന്‍വലിച്ചു.

താരത്തിനെതിരായ കേസ് പൊരുത്തക്കേടുകളും വൈരുധ്യങ്ങളും നിറഞ്ഞതാണെന്ന് കോടതി വ്യക്തമാക്കി. 2002ല്‍ ബാഴ്‌സലോണയിലെ ഒരു നിശാ ക്ലബില്‍ വച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആല്‍വസിനെ നാലര വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 2024 മാര്‍ച്ച് 24ന് താരത്തെ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അപ്പീല്‍ ഉയര്‍ന്ന കോടതി പരിഗണിക്കുകയായിരുന്നു. വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ കീഴ്‌കോടതിയുടെ ന്യായവാദത്തില്‍ കൃത്യതക്കുറവും, പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളുമുണ്ടെന്ന് ഉയര്‍ന്ന കോടതി നിരീക്ഷിച്ചു.

സെവില്ല, ബാഴ്‌സലോണ, യുവന്റസ്, പാരിസ് സെന്റ് ജര്‍മെയ്ന്‍ ക്ലബുകള്‍ക്കായി ജഴ്‌സിയണിഞ്ഞിട്ടുള്ള ആല്‍വസ് ബ്രസീലിന് രണ്ട് കോപ അമേരിക്കയും ഒളിംപിക് സ്വര്‍ണവും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മെക്‌സിക്കന്‍ ക്ലബായ പ്യുമാസ് യു എന്‍ എ എമ്മിനായി കളിക്കുമ്പോഴാണ് താരം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതോടെ ആല്‍വസുമായുള്ള കരാര്‍ ക്ലബ് ഉടന്‍ റദ്ദാക്കുകയും ചെയ്തു.

Latest