National
ലൈംഗികാതിക്രമ കേസ്; പ്രജ്ജ്വല്‍ രേവണ്ണയെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ജൂണ്‍ 24 വരെ പ്രജ്ജ്വല്‍ കസ്റ്റഡിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ബെംഗളുരു| ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ഹാസന്‍ മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണയെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 24 വരെ പ്രജ്ജ്വല്‍ കസ്റ്റഡിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു പ്രജ്വല്‍ രേവണ്ണ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേലാണ് മണ്ഡലത്തില്‍ വിജയിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്.
തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പിന് പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. പ്രജ്വലിനെ മേയ് 31ന് ബംഗളൂരു വിമാനത്താവളത്തില്‍വച്ചാണ് അറസ്റ്റു ചെയ്തത്.
വനിതാ ഐ.പി.എസ് ഓഫിസര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രജ്വലിനെ അറസ്റ്റു ചെയ്തത്. പ്രജ്വലിനെ ഹാസനിലെ ഹൊളെ നരസിപൂരിലെ വീട്ടിലുള്‍പ്പെടെ എത്തിച്ചാണ് എസ്.ഐ.ടി തെളിവെടുപ്പ് നടത്തിയത്. പ്രജ്വലിന്റെ മാതാപിതാക്കളായ ഹൊളെ നരസിപുര്‍ എം.എല്‍.എ എച്ച്.ഡി. രേവണ്ണയും ഭവാനി രേവണ്ണയും പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ്.
അതേസമയം അശ്ലീലവീഡിയോ ക്ലിപ്പുകള്‍ ചോര്‍ത്തിയ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയുടെ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റുചെയ്തിട്ടുണ്ട്. അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ചോര്‍ത്തിയതിനാണ് കാര്‍ത്തിക് ഗൗഡയെ അറസ്റ്റ് ചെയ്തത്. ഹാസന്‍-മൈസൂര്‍ അതിര്‍ത്തിയിലെ ദേശീയ പാതയില്‍ വച്ചാണ് കാര്‍ത്തിക്കിനെ എസ് ഐ ടി പിടികൂടിയത്. കാര്‍ത്തിക്കിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ബെംഗളുരുവിലേക്ക് കൊണ്ടുപോയി. പ്രജ്ജ്വലിന്റെ ലൈംഗികാതിക്രമ വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ ബി.ജെ.പി നേതാവ് ദേവരാജെ ഗൗഡയ്ക്ക് കാര്‍ത്തിക് നല്‍കിയെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പ് ഹാസന്‍ മണ്ഡലത്തില്‍ ഇത് പ്രചരിപ്പിച്ചെന്നുമാണ് കേസ്.
കേസെടുത്ത് ഒരു മാസമായിട്ടും കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്ഐടിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഹാസന്‍ കോടതിയും കര്‍ണാടക ഹൈക്കോടതിയും ഇയാളുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.വീഡിയോകള്‍ ചോര്‍ത്തിയതിന് കാര്‍ത്തികിനും മറ്റ് നാല് പേര്‍ക്കുമെതിരെ ഏപ്രില്‍ 23ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രജ്ജ്വല്‍ രേവണ്ണയുടെ ഡ്രൈവറായി ഏതാനും വര്‍ഷം ജോലിചെയ്ത കാര്‍ത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിയുകയായിരുന്നു.