National
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി; പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും
സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

കൊല്‍ക്കത്ത|ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചു. സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പ്രാഥമിക അന്വേഷണം ഉടന്‍ തുടങ്ങുമെന്നാണ് വിവരം. പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം ഇതിനുശേഷം തീരുമാനിക്കുമെന്നാണ് സൂചന. രാജ്ഭവനിലെ ജീവനക്കാരിയാണ് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്.
അതേസമയം തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സി വി ആനന്ദബോസ് പ്രതികരിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നത്. അഴിമതിക്കും അക്രമത്തിനുമെതിരെ താന്‍ സ്വീകരിച്ച നിലപാടുകള്‍ ഭരണകക്ഷിയെ ചൊടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ആരോപണം ഉയര്‍ന്നതെന്ന് ആനന്ദബോസ് പറഞ്ഞു.