Connect with us

Kerala

എട്ടുവയസ്സുകാരിക്ക് ലൈംഗിക പീഡനം: പ്രതിക്ക് ജീവപര്യന്തം

വള്ളിക്കോട്, മമ്മൂട് കുടമുക്ക് തുണ്ടില്‍ വടക്കേതില്‍ വീട്ടില്‍ രാമചന്ദ്രന്‍ പിള്ള മകന്‍ ശശികുമാര്‍ (58) നെയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | എട്ടുവയസ്സുകാരിയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും. വള്ളിക്കോട്, മമ്മൂട് കുടമുക്ക് തുണ്ടില്‍ വടക്കേതില്‍ വീട്ടില്‍ രാമചന്ദ്രന്‍ പിള്ള മകന്‍ ശശികുമാര്‍ (58) നെയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം കഠിന തടവിനും 2,20,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. പോക്‌സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്.

2023 ലാണ് കേസിനാസ്പദമായ സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി, മുമ്പ് ജോലി ചെയ്തിരുന്ന വീടിനു മുമ്പിലൂടെ നടന്നു പോകുമ്പോള്‍ കുട്ടി മുറ്റത്ത് നിന്നു കളിക്കുന്നത് കണ്ടു. വീടിനെപ്പറ്റി നന്നായി അറിയാവുന്ന പ്രതി അവിടെ പെണ്‍കുട്ടിയുടെ അമ്മൂമ്മ മാത്രമേയുള്ളൂ എന്നു മനസ്സിലാക്കി വീടിന്റെ പരിസരത്ത് നില്‍ക്കുകയും പെണ്‍കുട്ടി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ അടുക്കളവശത്തുകൂടി അകത്ത് പ്രവേശിക്കുകയും ചെയ്തു. മുറിയിലെത്തിയ പ്രതി, കുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് യാതൊരു ഭാവഭേദവും കൂടാതെ വീടിന് പുറത്തിറങ്ങി നില്‍ക്കുകയും പുറത്തേക്കു പോയ മാതാവ് തിരികെ വന്നപ്പോള്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍, പെണ്‍കുട്ടി മാതാവിനോട് വിവരം പറഞ്ഞതായി മനസ്സിലാക്കിയ പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് മാതാവ് പത്തനംതിട്ട വനിതാ പോലീസില്‍ വിവരമറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. പത്തനംതിട്ട വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഷൈലയാണ് കേസിന്റെ അന്വേഷണം നടത്തിയത്. എസ് സി പി ഒ. ഹസീന പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

 

Latest