Kerala
പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
പത്തനംതിട്ട നെടുമ്പ്രം വാട്ടര്‍ ടാങ്കിനു സമീപം തുണ്ടിയില്‍ വീട്ടില്‍ ലാലച്ചന്‍ (49) ആണ് ശിക്ഷിക്കപ്പെട്ടത്.

പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ചുകയറി പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നെടുമ്പ്രം വാട്ടര്‍ ടാങ്കിനു സമീപം തുണ്ടിയില്‍ വീട്ടില്‍ ലാലച്ചന്‍ (49) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം. അടച്ചാല്‍ തുക കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2022 ഡിസംബര്‍ 19, 28 തിയ്യതികളില്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. അന്നത്തെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കനകരാജന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവല്ല ഡി വൈ എസ് പി ആയിരുന്ന ടി രാജപ്പന്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ. ഹസീന പങ്കാളിയായി.