Kerala
ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു
അഞ്ച് പേരാണ് 16കാരിക്ക് നേരെ ലൈംഗീക അതിക്രമവും അശ്ലീല അംഗവിക്ഷേപവും നടത്തിയത്.
കൊച്ചി | ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം നടത്തിയ മൂന്ന് പേരെ തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന, 50 വയസ് കഴിഞ്ഞ സീസണ്‍ ടിക്കറ്റുകാരായ തൃശൂര്‍ സ്വദേശികളാണിവരെന്ന് എറണാകുളം റെയില്‍വേ പോലീസ് കണ്ടെത്തി.ഇവര്‍ ഒളിവിലാണ്. അഞ്ച് പേരാണ് 16കാരിക്ക് നേരെ ലൈംഗീക അതിക്രമവും അശ്ലീല അംഗവിക്ഷേപവും നടത്തിയത്.
പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം പോലീസിന് ലഭിച്ചിരുന്നു. കൂടാതെ പ്രതികളുടേതെന്നു സംശയിക്കുന്ന ഗാര്‍ഡ് എടുത്ത ചിത്രവും പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. അക്രമികളിലൊരാളുടെ ദൃശ്യം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയതും പോലീസിന് കൈമാറിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ഗുരുവായൂര്‍ എക്സ്പ്രസില്‍ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന 16കാരിക്കും പിതാവിനുമാണ് ദുരനുഭവമുണ്ടായത്. ട്രെയിന്‍ എറണാകുളത്ത് നിന്നും പുറപ്പെട്ടയുടന്‍ എതിര്‍വശത്തെ സീറ്റിലെത്തിയ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി.
കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും ചെയ്തതോടെ പിതാവ് തടയാന്‍ ശ്രമിച്ചു. പിതാവിനെ കയ്യേറ്റം ചെയ്ത സംഘം ട്രെയിനില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനെയും അക്രമിസംഘം മര്‍ദ്ദിച്ചിരുന്നു
തൃശൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് പിതാവും മകളും റെയില്‍വേ പോലീസിനു പരാതി നല്‍കിത്.