Kerala
ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് ആറുവര്‍ഷം കഠിനതടവും പിഴയും
ഏനാത്ത് ഇളങ്കമംഗലം ലക്ഷംവീട്ടില്‍ ജെ ഹരികുമാറി (45)നെയാണ് അടൂര്‍ അതിവേഗ കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്.
പത്തനംതിട്ട | എട്ടു വയസ്സുകാരനോട് ഗുരുതര ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് ആറു വര്‍ഷം കഠിനതടവും 11,000 രൂപ പിഴയും. ഏനാത്ത് ഇളങ്കമംഗലം ലക്ഷംവീട്ടില്‍ ജെ ഹരികുമാറി (45)നെയാണ് അടൂര്‍ അതിവേഗ കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കുന്ന പക്ഷം കുട്ടിക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.
2021 ഒക്ടോബര്‍ 23 നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 76 ശതമാനം വൈകല്യമുള്ള കുട്ടിയെ പ്രതി ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി ഗുരുതരമായ ലൈംഗികാതിക്രമത്തിനു വിധേയനാക്കുകയായിരുന്നു. ശേഷം പ്രതി കുട്ടിയെ വീട്ടില്‍ കൊണ്ടാക്കി. കുട്ടി അസ്വസ്ഥത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.
കുട്ടിയെ ചൈല്‍ഡ്‌ലൈനില്‍ എത്തിച്ച് കൗണ്‍സിലിങ് ലഭ്യമാക്കി. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഏനാത്ത് എസ് ഐ ആയിരുന്ന ടി സുമേഷ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, എസ് ഐ. ഷാജി കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും പ്രതിഭാഗത്തു നിന്നും നാല് സാക്ഷികളെ വിസരിക്കുകയും ചെയ്ത കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത പി ജോണ്‍ ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ വിക്ടിം ലെയ്സണ്‍ ഓഫീസര്‍ എസ് സി പി ഒ. ദീപാകുമാരി ഏകോപിപ്പിച്ചു.