Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: രണ്ട് പേര്‍ അറസ്റ്റില്‍
പന്തളം കുരമ്പാല വടക്കേതില്‍ മേലെതുണ്ടില്‍ രാജേഷ് എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (42), കുരമ്പാല കൊച്ചുതുണ്ടില്‍ വീട്ടില്‍ ശശി (60) എന്നിവരാണ് അറസ്റ്റിലായത്.
![](https://assets.sirajlive.com/2025/02/conv-897x538.jpg)
പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പ്രതികളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല വടക്കേതില്‍ മേലെതുണ്ടില്‍ രാജേഷ് എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (42), കുരമ്പാല കൊച്ചുതുണ്ടില്‍ വീട്ടില്‍ ശശി (60) എന്നിവരാണ് പിടിയിലായത്.
2021ല്‍ കൊവിഡ് കാലത്ത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുട്ടിയുടെ വീട്ടില്‍ മൊബൈല്‍ ചാര്‍ജര്‍ ചോദിച്ചെത്തി ആരുമില്ലാത്ത സമയത്ത് സുനില്‍ കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ സംഭവം കഴിഞ്ഞ വര്‍ഷം ജൂണിലാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്തു കൊടുത്തത് മുതലെടുത്ത പ്രതി ശശി, സ്വന്തം വീട്ടില്‍ വച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയായിരുന്നു. ഇപ്പോള്‍ കുട്ടിക്ക് 16 വയസ്സ് കഴിഞ്ഞു.
സ്‌കൂളില്‍ എത്താതിരുന്ന കുട്ടിക്ക് അധികൃതര്‍ കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് ലൈംഗികാതിക്രമത്തെപ്പറ്റി അറിയുന്നത്. തുടര്‍ന്ന്, പന്തളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഈമാസം അഞ്ചിനാണ് പോലീസ് വിവരമറിയുന്നതും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും. തുടര്‍ന്ന് പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു.
അടൂര്‍ ഡി വൈ എസ് പി. ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍, പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ് ഐ. അനീഷ് എബ്രഹാം, സി പി ഒമാരായ എസ് അന്‍വര്‍ഷാ, കെ അമീഷ്, ആര്‍ രഞ്ജിത്ത്, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.