Kerala
'ടാറ്റൂ' പിഡനത്തിന് പിന്നാലെ വിവാഹ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ലൈംഗിക പീഡന പരാതി
വിവാഹ മേക്കപ്പിനായി അന്‍സാരിയുടെ സലൂണില്‍ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടു. ഇതിനു പിന്നാലെ കൂടുതല്‍ പേര്‍ രംഗത്തെത്തുകയായിരുന്നു.
കൊച്ചി | കൊച്ചിയില്‍ ടാറ്റൂ സ്റ്റുഡിയോയില്‍ യുവതികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റിന് എതിരെയും പീഡന പരാതി. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനത്തിന്റെ ഉടമ അനീസ് അന്‍സാരിക്ക് എതിരെയാണ് പരാതി. പരാതി ഉയര്‍ന്നതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നു 3 യുവതികള്‍ ഇമെയില്‍ മുഖേനയാണ് ഇന്നലെ സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന് പരാതി നല്‍കിയത്. വിവാഹ മേക്കപ്പിനായി അന്‍സാരിയുടെ സലൂണില്‍ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടു. ഇതിനു പിന്നാലെ കൂടുതല്‍ പേര്‍ രംഗത്തെത്തുകയായിരുന്നു.
അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോലീസ് പരിശോധന നടത്തി. രണ്ട് പരാതികളിലാണ് പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ച ശേഷം നടപടി എടുക്കും. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മേക്കപ്പ് ചെയ്തുനല്‍കുന്നയാളാണ് അനീസ് അന്‍സാരി.
ഒരാഴ്ച മുന്‍പു സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്.സുജീഷിനെതിരായ മീടൂ പരാതികള്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് വിവാഹ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും പരാതി ഉയരുന്നത്. പി.എസ്.സുജീഷിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. തെളിവെടുപ്പു പൂര്‍ത്തിയായതായി പൊലീസ് പറഞ്ഞു.