Kerala
ലൈംഗികാധിക്ഷേപ പരാതി; വൈദ്യ പരിശോധന പൂര്‍ത്തിയായി: ബോബി ചെമ്മണ്ണൂരിനെ കാക്കനാട്ടെ ജയിലിലെത്തിച്ചു
കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു
കൊച്ചി | ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി. റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ് വൈദ്യ പരിശോധന നടത്തിയത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് വൈദ്യ പരിശോധന പൂര്‍ത്തിയായത്.അതിനിടെ കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു.സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
നടിയുടെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചു. കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും വലിയ വ്യവസായി ആയതിനാല്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയതോടെയാണ് ജാമ്യം നിഷേധിച്ചത്.
അതേസമയം ബോബി ചെമ്മണൂര്‍ വെള്ളിയാഴ്ച എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. കോടതിക്ക് പുറത്തെത്തിച്ചപ്പോള്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ബോബിയുടെ പ്രതികരണം.14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ട ബോബി ചെമ്മണൂരിനെ കാക്കനാട്ടെ ജില്ലാ ജയിലിലാണ് പാര്‍പ്പിക്കുക.