Connect with us

Kerala

ലൈംഗിക പീഡന പരാതി: മല്ലു ട്രാവലർ ഷാക്കിർ സുബാന്റെ അറസ്റ്റ് രേഖപ്പെടുത്തി

സഊദി യുവതിയുടെ പരാതിയിലാണ് ഷാക്കിറിനെതിരെ പോലീസ് കേസെടുത്തത്.

Published

|

Last Updated

കൊച്ചി | ലൈംഗികാതിക്രമ കേസിൽ, മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബാന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ ബോണ്ടിൽ വിട്ടയച്ചു. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഷാക്കിർ ഇന്ന് ഹാജരാവുകയായിരുന്നു.

സഊദി യുവതിയുടെ പരാതിയിലാണ് ഷാക്കിറിനെതിരെ പോലീസ് കേസെടുത്തത്. അഭിമുഖത്തിനെന്ന് പേരിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ ഷാക്കിർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയ യുവതി, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്ന.

തുടര്‍ന്ന് ഷാക്കിറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വിദേശത്തായിരുന്ന ഷാക്കിറിനെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു. എന്നാൽ കേസില്‍ ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം, സംസ്ഥാനം വിട്ട് പോകരുത്, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം.

ജാമ്യം ലഭിച്ച ശേഷം നാട്ടിലെത്തിയ ഷാക്കിർ ഇന്ന് രാവിലെയാണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഷാക്കിർ വ്യക്തമാക്കി.

Latest