Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം; കോഴിക്കോട്ടും ഇടുക്കിയിലും യുവാക്കള്‍ പിടിയില്‍
കോഴിക്കോട്ട് 38 കാരനും ഇടുക്കിയില്‍ 24 കാരനുമാണ് പോക്‌സോ കേസില്‍ പിടിയിലായത്
കോഴിക്കോട്ട് | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി കോഴിക്കോട്ടും ഇടുക്കിയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇവരെ പോക്‌സോ കേസില്‍ റിമാന്റ് ചെയ്തു.
ബസ്സിലെ സ്ഥിരം യാത്രക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറാണ് കോഴിക്കോട്ട് പിടിയിലായത്. മേപ്പയ്യൂര്‍ കരുവുണ്ടാട്ട് സ്വദേശി കിഴക്കയില്‍ പ്രഭീഷിനെയാണ്(38) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.
വടകര-പയ്യോളി-പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറാണ് പ്രഭീഷ്. ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രഭീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഇടുക്കിയില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വണ്ടിപ്പെരിയാര്‍, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെട്രിവേല്‍ (24) ആണ് പിടിയിലായത്. ഇടുക്കിയിലെ കുമളിയിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വെട്രിവേലിനെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.