Kerala
ലൈംഗികാരോപണം; രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും മാറിനിൽക്കണം: രമേശ് ചെന്നിത്തല
ആരെയൊക്കെയോ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം | ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച അടിസ്ഥാനത്തില്‍ അദ്ദേഹം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.രഞ്ജിത്ത് നിരപരാധിത്വം തെളിയിക്കാന്‍ ബാധ്യസ്ഥനാണ്. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ താരസംഘടനയായ അമ്മയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന നിലപാടാണ് അമ്മ സംഘടനക്കുള്ളത്.അമ്മ സംഘടന അങ്ങനെ പറയുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് നടപടി എടുക്കാതെ ഇരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ റിപോര്‍ട്ട് പുറത്തുവിടണമെന്നും എല്ലാവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാന്‍ പോകുന്നില്ല, ഒളിച്ചുകളി നടത്തുകയാണ്. ആരെയൊക്കെയോ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.