Connect with us

Kerala

പത്തനംതിട്ടയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; എസ് ഐക്കും പരുക്ക്

പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് അടിക്ക് കാരണമായതെന്നാണ് പോലീസിന് ലഭിച്ച വിവരം.

Published

|

Last Updated

പത്തനംതിട്ട | കാതോലിക്കേറ്റ് കോളജിലെ എസ് എഫ് ഐക്കാര്‍ തെരുവില്‍ തമ്മിലടിച്ചു. കോളജില്‍ നിന്ന് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്കും നീണ്ടു. തടയാനെത്തിയ എസ് ഐക്ക് പരുക്കേറ്റു. അക്രമികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സെല്ലിലും ഇവര്‍ ആക്രമണം നടത്തി.

പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് അടിക്ക് കാരണമായതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാതോലിക്കേറ്റ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രമാടം കീഴേത്ത് വീട്ടില്‍ ആരോമല്‍ (23), താഴേടത്ത് വീട്ടില്‍ പ്രദീഷ് (22), മല്ലശേരി മറൂര്‍ കൃഷ്ണ വിലാസം ഹരികൃഷ്ണപിള്ള (23) എന്നിവര്‍ രാത്രി ഏഴേകാലോടെ ടൗണില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ എസ് എഫ് ഐ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടായത്.

കോളജിലെ തന്നെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഈ സമയം അവിടെ എത്തുകയും പെണ്‍കുട്ടികളെ കമന്റടിക്കുമോടാ എന്ന് ചോദിച്ച് അടിയുണ്ടാക്കുകയുമായിരുന്നു. കൂട്ടയടി നടക്കുന്ന വിവരം അറിഞ്ഞെത്തിയ പോലീസ് പ്രതികളെ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസുമായി പിടിവലിയും ഉന്തും തള്ളുമുണ്ടായി. അക്രമത്തില്‍ എസ് ഐ. ജിനുവിന്റെ കൈമുട്ടിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനില്‍ എത്തിച്ച ശേഷം ഇവര്‍ സെല്ലില്‍ ബഹളം തുടരുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ചെയ്തു.