Kerala
രാഹുലിൻെറ ഓഫീസിന് നേരെ എസ് എഫ് ഐ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി; കുറ്റക്കാർക്ക് എതിരെ കർശന നടപടിയെടുക്കും
ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്‍പ്പറ്റ കൈമാട്ടിയിലെ എംപി ഓഫീലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം നശിപ്പിച്ചു. കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും അടിച്ചുതകർത്തിരുന്നു.
ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും അതില്‍ കാര്യമില്ലെന്നും കേന്ദ്രത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.