Kerala
തിരുവനന്തപുരത്ത് എസ്എഫ്‌ഐ-കെഎസ്‌യു ഏറ്റുമുട്ടല്‍; എം വിന്‍സന്റ് എം എല്‍ എക്കും പരുക്ക്
കെ എസ് യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്.
തിരുവനന്തപുരം| തിരുവനന്തപുരം കാര്യവട്ടം കാമ്പസിലും ശ്രീകാര്യം പോലീസ് സ്റ്റേഷന് മുന്നിലും എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കെ എസ് യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്.
സംഘര്‍ഷത്തിനിടെ എം വിന്‍സന്റ് എം എല്‍ എ യെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു കെഎസ്യു പ്രവര്‍ത്തകനും പോലീസുകാരനും പരുക്കേറ്റു.
മാര്‍ ഇവാനിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി ആദിനാഥിനും സി പി ഒ സന്തോഷിനുമാണ് പരുക്കേറ്റത്. പുലര്‍ച്ചെ രണ്ടുമണി വരെ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ പരിസരം സംഘര്‍ഷ ഭരിതമായിരുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെ കാര്യവട്ടം കാമ്പസിലാണ് സംഘര്‍ഷം തുടങ്ങിയത്. കാമ്പസിലെ വിദ്യാര്‍ഥിയും കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാന്‍ജോസിനെ ഇടിമുറിയില്‍ പൂട്ടിയിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ് എഫ് ഐ പ്രവര്‍ത്തകരും കൂടി എത്തിയതോടെ പ്രശ്‌നം വഷളായി.
അതിനിടെ എം എല്‍ എ മാരായ ചാണ്ടി ഉമ്മനും എം വിന്‍സന്റും പോലീസ് സ്റ്റേഷനിലെത്തി. കാറില്‍ നിന്നിറങ്ങിയ എം വിന്‍സന്റ് എംഎല്‍എയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു. ഇതോടെ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷം രൂക്ഷമായി. പരാതികളില്‍ കേസെടുക്കാമെന്ന പോലീസ് ഉറപ്പിന്മേലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്.
അതേസമയം, കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിച്ചു. ബോധപൂര്‍വ്വം കെ എസ് യു വും കോണ്‍ഗ്രസുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.