Kerala
എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം; വിചാരണ ഒമ്പതു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
അഭിമന്യുവിന്റെ അമ്മ ഭൂപതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം
കൊച്ചി | എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഒമ്പതു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അഭിമന്യുവിന്റെ അമ്മ ഭൂപതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
വിചാരണ പൂര്‍ത്തിയാക്കാന്‍ ഒമ്പതു മാസം സാവകാശം വേണമെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചു. 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. 2018 സെപ്തംബര്‍ 26നു കുറ്റപത്രം സമര്‍പ്പിച്ചു. 16 പ്രതികളാണ് കേസില്‍ അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം അവസാനം വിചാരണ ആരംഭിക്കാനിരിക്കേ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്ന് നഷ്ടമായത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രോസിക്യൂഷന്‍ പുനഃസൃഷ്ടിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.