Connect with us

Kerala

എസ്എഫ്‌ഐ നേതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; മറുപരാതിയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്

സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ വിദ്യാര്‍ഥി നേതാവിനെ എഐഎസ്എഫ് അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് പരാതി

Published

|

Last Updated

കൊച്ചി | എംജി സര്‍വകലാശാലയില്‍ എഐഎസ്എഫ് വനിതാ നേതാവിനെതിരെ എസ്എഫ്‌ഐ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മറുപരാതിയുമായി എസ്എഫ്‌ഐ. സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ വിദ്യാര്‍ഥി നേതാവിനെ എഐഎസ്എഫ് അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് പരാതി. സംഭവത്തില്‍ ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

എംജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഇന്നലെയാണ് സംഭവം നടന്നത്. സെനറ്റ് തിരഞ്ഞെടുപ്പിനിടെ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തിനിടെ ലൈംഗിക അതിക്രമം നടന്നു എന്ന ഗുരുതരമായ ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിലുള്ളത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് യുവതിയുടെ മൊഴി എടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ നേതാവ് മൊഴി നല്‍കി. വിദ്യാഭ്യാസമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം കെ അരുണിന് പുറമേ പ്രജിത്, അമല്‍, ആര്‍ഷോ എന്നിവരും അക്രമത്തിന് നേതൃത്വം നല്‍കിയെന്നും എഐഎസ്എഫ് നേതാവ് മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, എസ് സി-എസ് ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി കോട്ടയം ഗാന്ധിനഗര്‍ പൊലീസാണ് കേസെടുത്തത്.

അതേ സമയം എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി വ്യാജമെന്ന് ആരോപണവിധേയനായ എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ പറഞ്ഞിരുന്നു.

 

Latest