From the print
ഗവര്‍ണര്‍ക്കെതിരായ എസ് എഫ് ഐ പ്രതിഷേധം; ചുമത്തിയ വകുപ്പില്‍ സംശയം
ഗവര്‍ണറുടെ കര്‍ശന നിര്‍ദേശ പ്രകാരം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ 124ാം വകുപ്പ് നിലനില്‍ക്കുമോ എന്നാണ് പ്രോസിക്യൂട്ടര്‍ സംശയം പ്രകടിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.
തിരുവനന്തപുരം | ഗവര്‍ണറെ തടഞ്ഞ കേസില്‍ പ്രതികളായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ ഗൗരവമായ വകുപ്പ് സംബന്ധിച്ച് കോടതിയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂഷന്‍. ഗവര്‍ണറുടെ കര്‍ശന നിര്‍ദേശ പ്രകാരം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ 124ാം വകുപ്പ് നിലനില്‍ക്കുമോ എന്നാണ് പ്രോസിക്യൂട്ടര്‍ സംശയം പ്രകടിപ്പിച്ചത്.
കേസില്‍ വിശദമായി വാദംകേട്ട ശേഷം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്ന് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ സംഭവത്തെകുറിച്ച് പ്രതിഷേധം മാത്രമാണെന്നായിരുന്നു ഇന്നലെ കോടതിയുടെ ചോദ്യത്തോട് പ്രതികരിച്ചത്. ഗവര്‍ണറുടെ കാര്‍ തടഞ്ഞ് പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം താരതമ്യേന ദുര്‍ബല വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. പിന്നീട് ഗവര്‍ണര്‍ തന്നെ നേരിട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഏഴ് പേര്‍ക്കെതിരെ ഗൗരവമായ ഐ പി സി 124ാം വകുപ്പ് ചുമത്തിയത്.
നടന്നത് ഗുരുതരമായ കുറ്റമാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പോലീസിന്റെ റിമാന്‍ഡ് റിപോര്‍ട്ട്.
തുടര്‍ന്നാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തത്. എന്നാല്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ വിശദമായ വാദം കേള്‍ക്കുമ്പോഴായിരുന്നു പ്രോസിക്യൂട്ടര്‍ 124ാം വകുപ്പ് നിലനില്‍ക്കുമോ എന്ന സംശയം ഉന്നയിച്ചത്. പൂര്‍ത്തിയായ സെനറ്റ് അംഗങ്ങളുടെ നിയമനത്തിനെതിരെയാണ് എസ് എഫ് ഐ പ്രതിഷേധിച്ചത്.ഗവര്‍ണര്‍ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസ്സം വരുത്താന്‍ ശ്രമിച്ചാലേ കൃത്യനിര്‍വഹണം തടഞ്ഞുവെന്ന നിലയില്‍ 124 നിലനില്‍ക്കൂവെന്നായിരുന്നു പ്രോസിക്യൂഷന്റെ അഭിപ്രായം. എന്താണ് പ്രതികള്‍ ചെയ്തതെന്ന കോടതി ചോദ്യത്തിനാണ് പ്രതിഷേധം മാത്രമാണെന്നും മറുപടി നല്‍കിയത്. തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഉന്നയിച്ച സംശയത്തിന്റെ ചുവട് പിടിച്ച് ഐ പി സി 124 നിലനില്‍ക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനും വാദിച്ചു. ഗവര്‍ണര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോകുകയാണെന്ന പോലീസ് റിപോര്‍ട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
ഗവര്‍ണറുടെ വാഹനത്തിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പണം കെട്ടിവെച്ചാല്‍ എന്തും ചെയ്യാമോ എന്ന് കോടതി മറുചോദ്യം ഉന്നയിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകന്‍ പ്രതികരിച്ചില്ല.