Kerala
വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമം: ടി പി രാമകൃഷ്ണന്‍
മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ പോകുന്നു എന്നു വന്ന സന്ദര്‍ഭത്തില്‍ അങ്ങേയറ്റത്തെ രാഷ്ട്രീയമായ ഗൂഢനീക്കത്തിന്റെ ഭാഗമായിട്ടാണ് പിണറായിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

കോഴിക്കോട് | വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടി മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.വിഷയം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി കണ്ടെത്തുകയും ആരോപണങ്ങളെല്ലാം നേരത്തെ തന്നെ തള്ളിക്കളയുകയും ചെയ്തതാണ്. ഈ ആരോപണങ്ങളൊന്നും പിണറായിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ടിപി പറഞ്ഞു.
പിണറായിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള വിവിധ തരത്തിലുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതമാകെയെടുത്തു കഴിഞ്ഞാല്‍ അത് കാണാം. 2016ലെ തിരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭത്തിലും അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വ്യാപകമായ സത്യവിരുദ്ധമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ച് തകര്‍ക്കാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്.
2016ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 91 എംഎല്‍എമാരുടെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്.ഇതെല്ലാം അതിജീവിച്ച് മൂന്നാം
തവണയും അധികാരത്തില്‍ വരാന്‍ പോകുന്നു എന്നു വന്ന സന്ദര്‍ഭത്തില്‍ അങ്ങേയറ്റത്തെ രാഷ്ട്രീയമായ ഗൂഢനീക്കത്തിന്റെ ഭാഗമായിട്ടാണ് പിണറായിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
എന്നാല്‍ പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതയും ഈ വിഷയത്തിലില്ലെന്നും ഏകകണ്ഠമായി നിന്നുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും ടിപി പറഞ്ഞു.