niyamasabha session
വീണാ വിജയനെതിരായ എസ് എഫ് ഐ ഒ അന്വേഷണം; അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം
മാത്യു കുഴല്‍നാടന്‍ വിഷയം സഭയില്‍ അവതരിപ്പിക്കും
തിരുവനന്തപുരം | വീണാ വിജയന്റെ എക്സാലോജിക്കിനെതിരായ എസ് എഫ് ഐ ഒ അന്വേഷണം സംബന്ധിച്ചു പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരും. മാത്യു കുഴല്‍നാടന്‍ എം എല്‍ എയായിരിക്കും വിഷയം സഭയില്‍ അവതരിപ്പിക്കുക.
എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ചക്കു സ്പീക്കര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല. രാഷ്ട്രീയമായി പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും വേട്ടയാടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന കേന്ദ്ര ബി ജെ പി സര്‍ക്കാറിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് വീണാ വിജയനെതിരായ നീക്കവും എന്നാണ് എല്‍ ഡി എഫ് വിലയിരുത്തുന്നത്.
രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ചാല്‍ പ്രതിരോധം തീര്‍ക്കുമെന്ന നിലപാടിലാണു സി പി എം. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ കേരള വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടു വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമര്‍ശനമാണ് ഉള്ളത്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും.