സ്മൃതി
തണലൊരുക്കിയ വെളിച്ചം
തനിക്കു ലഭിച്ച സൗഭാഗ്യങ്ങളെ പ്രയാസപ്പെടുന്നവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ വലിയ ഉദവിയുണ്ടായി ഉസ്താദ് അവര്‍കള്‍ക്ക്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ദിക്‌റുകളും ദുആകളും നിര്‍ദേശിച്ചു.അങ്ങനെ മനുഷ്യരുടെ പ്രശ്‌നങ്ങളെ / അഭിലാഷങ്ങളെ അവരുടെ ആധ്യാത്മിക വളര്‍ച്ചക്കുള്ള അവസരമാക്കിക്കൊടുത്തു.
ജീവിതത്തിലെ സൂക്ഷ്മത, ആരാധനകളിലെ ചിട്ടകള്‍, മഹാന്മാരുമായുള്ള സാമീപ്യം; ഇങ്ങനെ ആധ്യാത്മികതയുടെ പടവുകള്‍ കയറിയ വലിയ മനുഷ്യനായിരുന്നു കളന്തോട് അബ്ദുല്‍ കരീം മുസ്‌ലിയാര്‍. തനിക്കു ലഭിച്ച സൗഭാഗ്യങ്ങളെ പ്രയാസപ്പെടുന്നവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ വലിയ ഉദവി ലഭിച്ചു ഉസ്താദ് അവര്‍കള്‍ക്ക്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ദിക്‌റുകളും ദുആകളും നിര്‍ദേശിച്ചു. അങ്ങനെ മനുഷ്യരുടെ പ്രശ്‌നങ്ങളെ/ അഭിലാഷങ്ങളെ അവരുടെ ആധ്യാത്മിക വളര്‍ച്ചക്കുള്ള അവസരമാക്കിക്കൊടുത്തു. ആ ആത്മീയ നിര്‍ദേശങ്ങള്‍ പാലിക്കാതെ വീണ്ടും സമീപിക്കുന്നവരോട് നീരസം പ്രകടിപ്പിച്ചു. കൂടുതല്‍ ദുര്‍ബലരോട് കൂടുതല്‍ കനിവ് കാണിച്ചു. ബസില്‍ വരുന്നവര്‍ക്ക് ആദ്യം ഉസ്താദിനെ കണ്ടുപോകാം. സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് അതിനു ശേഷമായിരുന്നു അവസരം. മാനസിക പ്രയാസമുള്ളവരോടും വയോധികരോടും അനുകമ്പ കാണിച്ചു. ആളുകൾ വന്നുവന്ന് കളന്തോട് ഉസ്താദ്പടി എന്നൊരു ബസ് സ്റ്റോപ്പ് തന്നെ രൂപപ്പെട്ടു.
പണ്ഡിതന്മാരെയും സയ്യിദന്മാരെയും മുതഅല്ലിമുകളെയും അതിയായി ആദരിച്ചു. താജുല്‍ ഉലമയോടും കാന്തപുരം ഉസ്താദിനോടും വലിയ സ്‌നേഹവും ബന്ധവുമായിരുന്നു.
സംഭരിച്ചുവെക്കാനല്ല, കൈയഴിക്കാനായിരുന്നു ഉസ്താദ് ഉത്സാഹം കാണിച്ചത്. കാണാന്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കി. അതും സുഭിക്ഷമായ ഭക്ഷണം. കഴിക്കാതെ പോകുന്നതായിരുന്നു വിഷമമുള്ള കാര്യം. ഹദ്‌യകള്‍ കിട്ടിയാല്‍ അത് പ്രയാസപ്പെടുന്നവർക്കിടയിൽ വിതരണം ചെയ്യും. വലിയ നിലയില്‍ തന്നെ സാമ്പത്തികമായി പലരെയും സഹായിച്ചു ഉസ്താദ്.
പൊതുവേദികളില്‍ പൊതുവെ പ്രത്യക്ഷപ്പെട്ടില്ല. ആധ്യാത്മികതയുടെ വ്യാജപതിപ്പുകളെപ്പറ്റി അവയുടെ തനിനിറം വെളിച്ചത്താകും മുമ്പേ തന്നെ മുന്നറിയിപ്പ് നല്‍കി. പുത്തന്‍ വാദികളോടും വ്യാജആത്മീയ വാദികളോടും കണിശമായിരുന്നു നിലപാട്. ഭക്ഷണ മര്യാദകളിൽ വലിയ സൂക്ഷ്മതയായിരുന്നു. അറവിലും പാചകത്തിലുമൊക്കെയുള്ള ദീനിചിട്ടകള്‍ എല്ലാ സന്ദർഭങ്ങളിലും പാലിച്ചു പോന്നു. വിദേശയാത്രകളിലും വിമാനത്തിലുമൊക്കെ പുലര്‍ത്തിപ്പോന്ന സൂക്ഷ്മതയുടെ അനുഭവം കാന്തപുരം ഉസ്താദ് തന്നെ പലപ്പോഴും പ്രസംഗങ്ങളിൽ പരാമര്‍ശിച്ചിട്ടുണ്ട്.
ആരാധനകളില്‍ മുഴുകിയ ജീവിതം; അതും ആളുകള്‍ ഉറങ്ങുന്ന സമയത്ത്. ഒരുപാട് തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും എത്തിയാല്‍ ഉസ്താദ് “വേറൊരു ലോക’ത്തായിരിക്കും. യാത്രയിലും നാട്ടിലും ഒരു സമയവും വെറുതെ ചെലവഴിച്ചില്ല.
പുണ്യസ്ഥലങ്ങളും മഖ്ബറകളും നിരന്തരം സന്ദര്‍ശിച്ചു. മടവൂര്‍ സി എം വലിയ്യുല്ലാഹിയുടെ ആധ്യാത്മിക ശിക്ഷണവും ആത്മീയ നിയന്ത്രണവുമായിരുന്നു കരീം ഉസ്താദിന്റെ കരുത്ത്.
ഔലിയാക്കളുടെയും പണ്ഡിതന്മാരുടെയും ഖിദ്മത്തില്‍ ചെലഴിച്ച ജീവിതം. അതുകൊണ്ട് തന്നെ ഉസ്താദിന് അല്ലാഹു വലിയ മഹത്വം നല്‍കി. ആ പദവികൾ തന്റേതു മാത്രമാക്കി വെക്കാതെ പ്രയാസപ്പെടുന്നവരുടെ വേദനകൾക്കുള്ള പരിഹാരം കൂടിയാക്കി മാറ്റി കരീം ഉസ്താദ്. പൊട്ടിച്ചിതറിപ്പോകുമായിരുന്ന എത്രയോ മനുഷ്യര്‍ ഉസ്താദിന്റെ മുമ്പിലെത്തിയത് കൊണ്ട് മാത്രം പിടിച്ചുനിന്നു. ദിശയറിയാതെ നടന്ന പലര്‍ക്കും വഴിവെളിച്ചം കിട്ടി. അങ്ങനെ ഹ്രസ്വമായ കാലയളവില്‍ ബൃഹത്തായ ഒരു ജീവിതം ജീവിച്ചു.
സ്വന്തം ജീവിതം കൊണ്ട് ഒരുപാട് സന്ദേശങ്ങള്‍ നല്‍കിയാണ് അവിടുന്ന് യാത്രയായത്. സുന്നീ പ്രസ്ഥാനത്തിനൊപ്പം നിൽക്കുകയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ ആത്മവിശ്വാസവും പിന്തുണയും നല്‍കുകയും ചെയ്തു. ആദര്‍ശ പ്രഭാഷകര്‍ ഉസ്താദിന്റെ അടുപ്പക്കാരായി. നവീനവാദികളോട് രാജിയാകാതെ ആശയ കണിശത പുലര്‍ത്തി. സുന്നി സ്ഥാപനങ്ങൾക്ക് വലിയ നിലയിലുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കി. അങ്ങനെയങ്ങനെ ഒരുപാട് പാഠങ്ങള്‍.
2018 ഒക്‌ടോബര്‍ 23നായിരുന്നു ആ വേര്‍പാട്. ഒരു സഫര്‍ 13ന്. ഉസ്താദിന് ലഭിച്ച അനുഗ്രഹങ്ങളെ അല്ലാഹു ഏറ്റിക്കൊടുക്കട്ടെ. അവയുടെ തണൽ പ്രയാസപ്പെടുന്ന മറ്റനേകരിലേക്കും നീളട്ടെ.