Connect with us

Kerala

കള്ളപ്പണ ആരോപണം തള്ളി ഷാഫി പറമ്പില്‍

മാധ്യമങ്ങള്‍ക്കും ദുരൂഹതയിലല്ലാതെ യാഥാര്‍ഥ്യങ്ങളില്‍ താത്പര്യമില്ലെന്ന് ആരോപണം

Published

|

Last Updated

പാലക്കാട് | കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം തള്ളി ഷാഫി പറമ്പില്‍ എം പി. ട്രോളി ബാഗ് നിറയെ പണം കൊണ്ടുനടക്കാന്‍ ഇത് 1980 അല്ല എന്ന് ഷാഫി പറഞ്ഞു. ഇന്നലെ വരെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പണമുണ്ടെന്നായിരുന്നു ആരോപണം. അത് പൊളിഞ്ഞപ്പോള്‍ രാഹുലിന്റെ നീല ട്രോളി ബാഗ് ആയി ചര്‍ച്ച.

റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ വൃത്തികെട്ട നാടകമായിരു. മാധ്യമങ്ങള്‍ക്കുനേരെയും ഷാഫി പറമ്പില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മാധ്യമങ്ങള്‍ക്കും ദുരൂഹതയിലല്ലാതെ യാഥാര്‍ഥ്യങ്ങളില്‍ താത്പര്യമില്ല. ദുരൂഹത ലൈവായി നിര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പൊളിഞ്ഞ വാദങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ സി പി എമ്മിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. വനിതാ പോലീസുവരുന്നതുവരെ ബിജെപി വനിതാ നേതാക്കളുടെ മുറിയില്‍ റെയ്ഡ് നടത്താന്‍ പോലീസ് മടിച്ചിരുന്നു. എന്നാല്‍ ഷാനിമോളുടേയും ബിന്ദു കൃഷ്ണയുടേയും കാര്യത്തില്‍ ഈ മടി ഉണ്ടായിരുന്നില്ല.

നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചു. പോലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള്‍ തെളിയിക്കാന്‍ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു. പോലീസും പാര്‍ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. സംശയാസ്പദമായി ഒരു തെളിവും അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.