thamarassery kidnapping
കൊടുവള്ളി സ്വദേശിയാണ് തട്ടിക്കൊണ്ടുപോയതെന്ന് ശാഫി
ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരെ പറയിച്ചതെന്നും അന്വേഷണ സംഘത്തിന് ശാഫി മൊഴി നൽകി.

കോഴിക്കോട് | തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്ന് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ശാഫിയുടെ മൊഴി. ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടു പോകൽ. തട്ടിക്കൊണ്ടു പോയവർ ശരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരെ പറയിച്ചതെന്നും അന്വേഷണ സംഘത്തിന് ശാഫി മൊഴി നൽകി.
വീട്ടിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ശാഫി ഇന്നലെയാണ് വീട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം കർണാടകയിലാണ് ഇയാളെ ഒളിവിൽ പാർപ്പിച്ചത്. ഈ മാസം ഏഴിന് പരപ്പൻ പൊയിലിലെ വീട്ടിൽ നിന്നാണ് ശാഫിയെയും ഭാര്യയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
എന്നാൽ, ഭാര്യയെ സമീപത്ത് തന്നെ കാറിൽ നിന്ന് ഇറക്കിവിട്ടു. ഇതിനു പിന്നാലെ രണ്ട് തവണ ശാഫിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.