Kerala
ഷാറൂഖിന് അമിത മരുന്നുകളോ വിഷവസ്തുക്കളോ കഴിച്ചാലുണ്ടാകുന്ന അസുഖം
ട്രെയിനിൽ നിന്ന് വീണ് കാൽ മുട്ടിന് താഴെ പരുക്കുണ്ട്. നഖത്തിന്റെ ഭാഗം, മുടി എന്നിവ ശേഖരിച്ച് റീജ്യനൽ കെമിക്കൽ ലാബിലേക്ക് അയച്ചു.
കോഴിക്കോട് | എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കരൾ രോഗം സ്ഥിരീകരിച്ചു. പ്രതിയെ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന ഡോക്്ടമാരുടെ അഭിപ്രായമനുസരിച്ച് സെയ്ഫിയെ ഇന്നലെ മെഡി. കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മെഡിസിൻ വാർഡിലെ പ്രത്യേക മുറിയിൽ കനത്ത സുരക്ഷയോടെയാണ് സെയ്ഫിയെ പ്രവേശിപ്പിച്ചത്.
അമിത മരുന്നുകളോ വിഷ വസ്തുക്കളോ കഴിച്ചാലുണ്ടാകുന്ന അസുഖമാണ് സെയ്ഫിയുടേതെന്ന് മെഡി. കോളജ് അഡീഷനൽ സൂപ്രണ്ട് ഡോ. സുനിൽ കുമാർ പറഞ്ഞു. ലിവർ ഫംഗ്ഷനൽ ടെസ്റ്റിലാണ് അസുഖം കണ്ടുപിടിച്ചത്. ആവശ്യത്തിന് ചികിത്സ നൽകാതിരുന്നാൽ രോഗിയുടെ അവസ്ഥ അനുദിനം മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രോഗത്തിന്റെ വ്യാപ്തി സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. രാത്രി തന്നെ പരിശോധന തുടങ്ങി.
രാവിലെ 11.15 മുതൽ ആരംഭിച്ച വൈദ്യ പരിശോധന നാല് വരെ നീണ്ടു. ജനറൽ മെഡിസിൻ, സർജറി, കണ്ണ്, ഇ എൻ ടി, മാനസികാരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലെ പരിശോധനകൾ നടത്തി. തുടർന്ന് ഫോറൻസിക് പരിശോധനക്കും വിധേയമാക്കി. അഡീഷനൽ സൂപ്രണ്ട് ഡോ. സുനിൽ കുമാർ, ഡോ. ജയേഷ്, ഡോ. മിഥുൻ, ഡോ. സുഭീഷ് തുടങ്ങിയവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
പ്രതിക്ക് മുഖത്തും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ട്രെയിനിൽ നിന്ന് വീണ് കാൽ മുട്ടിന് താഴെ പരുക്കുണ്ട്. നഖത്തിന്റെ ഭാഗം, മുടി എന്നിവ ശേഖരിച്ച് റീജ്യനൽ കെമിക്കൽ ലാബിലേക്ക് അയച്ചു.
എ ഡി ജി പി. എം ആർ അജിത്കുമാർ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിയെ പാർപ്പിച്ച വാർഡിലെ പ്രത്യേക മുറിയും സുരക്ഷാ സംവിധാനങ്ങളും അദ്ദേഹം പരിശോധിച്ചു.
ഷാറൂഖ് സെയ്ഫിയെ ഇന്ന് വീണ്ടും വൈദ്യ പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ശാരീരിക പ്രയാസം ഇല്ലെങ്കിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മെഡി. കോളജിൽ തുടരേണ്ട സാഹചര്യമാണെങ്കിൽ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി തുടർ നടപടികൾ സ്വീകരിക്കും.