Business
ഷാരൂഖ് ഖാന്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍
'കിംഗ് ഖാൻ' ആരോഗ്യ രംഗത്ത് ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുക്കുന്നത് ആദ്യമായി

അബുദാബി | യു എ ഇയിലെയും മെന മേഖലയിലെയും പ്രമുഖ ആരോഗ്യസേവനദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് താരം ഷാരൂഖ് ഖാനെ പ്രഖ്യാപിച്ചു. അബുദാബിയിലെ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബുര്‍ജീല്‍ ഹോൾഡിംഗ്‌സിന് വേണ്ടി മേഖലയിലുടനീളം പരസ്യപ്രചാരണവുമായി ഷാരൂഖെത്തും.
താരത്തിന്റെ ആരോഗ്യരംഗത്തെ ആദ്യ അംബാസഡര്‍ പദവിയാണിത്. അന്താരാഷ്ട്രതലത്തില്‍ ഷാരൂഖിനുള്ള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്റെ വരും പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് നിലവില്‍ മെന മേഖലയില്‍ 39 ആശുപത്രികളും മെഡിക്കൽ സെന്ററുകളുമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലുടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് മെഡിക്കല്‍ ഗവേഷണരംഗത്തും പ്രവർത്തനം വിപുലമാക്കുകയാണ്.