Kerala
ഷാറൂഖ് സെയ്ഫിനെ വീണ്ടും വൈദ്യപരിശോധനക്ക് വിധേയനാക്കും; നാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും
ആരോഗ്യനില മെച്ചപ്പെട്ടാല്‍ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കോഴിക്കോട് | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെ നാളെ വീണ്ടും വൈദ്യപരിശോധനക്ക് വിധേയനാക്കും. പ്രതിയെ നാളെത്തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ആരോഗ്യനില മെച്ചപ്പെട്ടാല്‍ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ഷാറൂഖ് സെയ്ഫിന് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാറൂഖിന് കരള്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രക്തപരിശോധനയില്‍ ചില സംശയങ്ങളുണ്ടായതിനെ തുടര്‍ന്ന് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തുകയായിരുന്നു.
ട്രെയിനില്‍ തീവെക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റക്കാണ് ചെയ്തതെന്ന് ഷാറൂഖ് സെയ്ഫ് മൊഴി നല്‍കിയിരുന്നു.എന്നാല്‍, മൊഴികള്‍ പലതും നുണയാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ ചോദ്യം ചെയ്യലിലാകും കാര്യങ്ങള്‍ വ്യക്തമാകുക.