Kerala
ശഹബാസിന്റെ മരണം: സി പി സിക്ക് ഗുരുതര വീഴ്ച; ഫലപ്രദമായി ഇടപെട്ടില്ല
സി ഡബ്ല്യു സി റിപോര്‍ട്ട് പോലീസിന് സമര്‍പ്പിച്ചു

കോഴിക്കോട് | താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ശഹബാസ് വിദ്യാര്‍ഥികളുടെ മര്‍ദിച്ച് കൊലപ്പെട്ട സംഭവത്തില്‍ താമരശ്ശേരി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് (സി പി സി) ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപോര്‍ട്ട്. കൊലപാതകത്തിന് മുമ്പും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയിരുന്നെന്നും സംഭവത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സി പി സിക്ക് ആയില്ലെന്നും സി ഡബ്ല്യു സി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളത്. ഈ മാസം 11ന് ചേരുന്ന അടിയന്തര ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും.
ട്യൂഷന്‍ സെന്ററിലെ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ശഹബാസ് കൊല്ലപ്പെട്ടത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ശഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതോടെ താമരശ്ശേരി ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൂകി വിളിച്ചു. തുടര്‍ന്ന് രണ്ട് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തെങ്കിലും അധ്യാപകര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി പിന്നീട് ഏറ്റുമുട്ടി. ഇതിനിടെയാണ് ശഹബാസിന് തലക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചികിത്സക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്തത്.
പിന്നീട് പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ അടിയില്‍ ശഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്ന വിവരം പുറത്തുവന്നിരുന്നു.