Connect with us

Kerala

ഷഹബാസിന്റെ മരണം; വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

വിദ്യാര്‍ത്ഥികളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസുകാരന്‍ ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനും അവസരം നല്‍കും.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ തലയ്ക്ക് ഗുരുതര പരുക്കേറ്റാണ്  ഷഹബാസ് മരിച്ചത്.  സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേക്ഷിക്കും. വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി മരിച്ച സംഭവം ഏറെ ദുഃഖകരമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. അതിനിടെ അക്രമി സംഘത്തില്‍ പെട്ടവരുടെ ഇന്‍സ്റ്റഗ്രാം ചാറ്റും പുറത്തായിട്ടുണ്ട്. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണു പോയി നോക്ക്. അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നതെന്നും കേസ് ഒന്നും ഉണ്ടാകില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.

എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷഹബാസ്. താമരശ്ശേരി പഴയ ബസ്റ്റാന്‍ഡില്‍ സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളുമാണ് ഏറ്റുമുട്ടിയത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.

 

Latest