Kerala
ഷഹബാസിന്റെ കൊല ആസൂത്രിതമെന്നു കുടുംബം; കൂടുതല്‍ പേരുടെ മൊഴിയെടുക്കുമെന്ന് പോലീസ്
പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാന്‍ അനുവദിയ്ക്കരുതെന്നും ഷഹബാസിന്റെ അച്ഛന്‍ ഇക്ബാല്‍

കോഴിക്കോട് | താമരശ്ശേരിയില്‍ സംഘര്‍ഷത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പോലീസ്.
ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പോലീസിന്റെ നിര്‍ണായക നീക്കം.
കൊലപാതകത്തില്‍ നേരത്തെ പിടിയിലായ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികളുടെയും സമീപത്തെ കടകളില്‍ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സംഘര്‍ഷം ഉണ്ടായ ട്യൂഷന്‍ സെന്ററിന് സമീപത്തെ റോഡുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ മുഴുവന്‍ ശേഖരിച്ചതായി പോലീസ് അറിയിച്ചു.
പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാന്‍ അനുവദിയ്ക്കരുതെന്നും ഷഹബാസിന്റെ അച്ഛന്‍ ഇക്ബാല്‍ പറഞ്ഞു. സംഘര്‍ഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണ്. പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു.
സര്‍ക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പോലീസുകാരന്റെയും അധ്യാപികയുടെയും മക്കള്‍ പ്രതികളാണ്. പോലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാല്‍ പറഞ്ഞു.