Kerala
ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുതായിരുന്നു;മരിച്ച കുട്ടിയുടെ പിതാവ് ഇഖ്ബാല്‍
അവര്‍ പരീക്ഷ എഴുതുന്നത് അംഗീകരിക്കാനാകില്ല. പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കും.

കോഴിക്കോട്| താമരശ്ശേരിയില്‍ മര്‍ദനമേറ്റ് വിദ്യാര്‍ത്ഥി മരിച്ച കേസിലെ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. മകന്റെ മരണത്തിന് കാരണക്കാരായ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത് കുടുംബത്തിന് വലിയ വേദനയും മുറിവുമാണെന്ന് ഇഖ്ബാല്‍ പറഞ്ഞു. അവര്‍ പരീക്ഷ എഴുതുന്നത് അംഗീകരിക്കാനാകില്ല. പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. നീതിപീഠത്തിനും സംവിധാനങ്ങള്‍ക്കും വിലയില്ലാത്ത സ്ഥിതി വരും. അവരെ വേണമെങ്കില്‍ അടുത്തവര്‍ഷം പരീക്ഷ എഴുതിക്കാമായിരുന്നുവെന്നും ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതന്റെ പിതാവിന് ക്വട്ടേഷന്‍ രാഷ്ട്രീയ ബന്ധമുണ്ട്. സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടരുത്. ഞങ്ങള്‍ക്ക് മകന്‍ പോയി. ഇനി ഒരു രക്ഷിതാവിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരം പുറത്തുവന്നു. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളിലും പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്. തലയോട്ടി തകര്‍ന്നാണ് ഷഹബാസിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.