Connect with us

Kerala

ഷഹബാസ് കൊലക്കേസ്: പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരം; ഹൈക്കോടതി

ഷഹബാസിന്റെ പിതാവിന്റെ കക്ഷി ചേരല്‍ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.

Published

|

Last Updated

കൊച്ചി|താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരമെന്ന് ഹൈക്കോടതി. പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അതേസമയം, ഷഹബാസിന്റെ പിതാവിന്റെ കക്ഷി ചേരല്‍ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.

കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ നെരത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇവര്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്.

എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ഫെബ്രുവരി 28ന് ട്യൂഷന്‍ സെന്ററിലെ പരിപാടിയെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു. ഇതാണ് ഷഹബാസിന്റെ മരണത്തിന് കാരണം.

നഞ്ചക്ക് എന്ന ആയുധം ഉപയോഗിച്ച് ഷഹബാസിന്റെ തലയ്ക്ക് അടിച്ചിരുന്നു. അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കള്‍ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവിച്ചത്. മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷഹബാസ് മരണത്തിന് കീഴടങ്ങി.

 

 

---- facebook comment plugin here -----

Latest