Connect with us

Kerala

ഷഹബാസ് കൊലക്കേസ്; ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് അറിയാന്‍ അന്വേഷണ സംഘം മെറ്റയോട് വിവരങ്ങള്‍ തേടി

ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും, അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് മെയില്‍ അയച്ചു.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ മെറ്റയോട് വിവരങ്ങള്‍ തേടി പോലീസ്. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് അന്വേഷണ സംഘം മെറ്റയോട് വിവരങ്ങള്‍ തേടിയത്. സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും, അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് മെയില്‍ അയച്ചു. ഇന്‍സ്റ്റാഗ്രാം, അക്കൗണ്ടുകള്‍ക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഷഹബാസ് കൊലക്കേസില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നും പോലീസ് കാവലില്‍ പരീക്ഷ എഴുതും. ഇന്നലെ റിമാന്റിലായ വിദ്യാര്‍ത്ഥിയുള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളാണ് ജുവൈനല്‍ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തില്‍ പരീക്ഷ എഴുതുക. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ കെഎസ്‌യുവിന്റെ പ്രതിഷേധം രണ്ടാംദിവസവും നടക്കുകയാണ്. ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.