Kerala
ശഹബാസ് വധക്കേസ്: കുറ്റാരോപിതരെ വകവരുത്തുമെന്ന് ഊമക്കത്ത്
കത്ത് അയച്ച സ്ഥലം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം

താമരശ്ശേരി | ട്യൂഷന്‍ സെന്ററിലുണ്ടായ തര്‍ക്കത്തിന്റെ തുടരാക്രമണത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റാരോപിതരെ വകവരുത്തുമെന്ന് ഊമക്കത്ത്. എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ശഹബാസ് (15) കൊല്ലപ്പെട്ട കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ എസ് എസ് എല്‍ സി പരീക്ഷ കഴിയും മുമ്പ് വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത്. താമരശ്ശേരി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്റെ പേരില്‍ തപാലില്‍ വന്ന കത്തിലാണ് ഭീഷണിയുള്ളത്.
കോരങ്ങാട് സ്‌കൂളില്‍ പോലീസ് സുരക്ഷയുണ്ടെങ്കിലും ഏതാനും പരീക്ഷ മാത്രമേ എഴുതാന്‍ കഴിയൂവെന്നും പരീക്ഷകള്‍ പൂര്‍ത്തിയാക്കും മുമ്പ് കുട്ടികളെ അപായപ്പെടുത്തുമെന്നുമാണ് ഭീഷണിക്കത്തില്‍ പറയുന്നത്. പരീക്ഷാ കേന്ദ്രം വെള്ളിമാടുകുന്നിലേക്ക് മാറ്റുന്നതിന് മുമ്പാണ് കത്ത് എഴുതിയതെന്നാണ് സൂചന. കത്ത് സ്‌കൂള്‍ അധികൃതര്‍ പോലീസിന് കൈമാറി. കത്തില്‍ പോസ്റ്റ് ഓഫീസ് സീല്‍ വ്യക്തമായി പതിഞ്ഞിട്ടില്ല. ഇത് വിശദമായി പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ശഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് വിദ്യാര്‍ഥികളെയാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേരെ പിടികൂടാൻ പോലീസ് നീക്കം നടത്തുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായി തെളിവുകള്‍ ശേഖരിച്ച ശേഷം കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.