Connect with us

Kerala

ഷഹബാസ് കൊലപാതകം; കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി

വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലായിരുന്നില്ല മര്‍ദിച്ചവരുടെ ആലോചനയെന്നും കെ ഇ ബൈജു.

Published

|

Last Updated

കോഴിക്കോട്| താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു. വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലായിരുന്നില്ല മര്‍ദിച്ചവരുടെ ആലോചനയെന്നും കെ ഇ ബൈജു പറഞ്ഞു. ഷഹബാസിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും കെ ഇ ബൈജു കൂട്ടിച്ചേര്‍ത്തു.

ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഷഹബാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച നഞ്ചക്ക് അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കും. പ്രദേശത്തെ വീടുകളില്‍ ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നത്. ഷഹബാസിന്റെ തലയോട്ടി പൊട്ടിയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നു. നഞ്ചക്ക് പോലെയുള്ള ആയുധം കൊണ്ട് ശക്തമായ ക്ഷതമേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു.

പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്. ഇന്ന് ഇവരെ എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ പോലീസ് പ്രത്യേക സുരക്ഷയില്‍ സ്‌കൂളിലെത്തിക്കും. നാട്ടുകാരുടെ പതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷയൊരുക്കുന്നത്. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്

 

 

Latest