Kerala
ഷഹബാസ് കൊലപാതകം: പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റുന്നു
ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അന്വേഷണസംഘം

കോഴിക്കോട് | താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാനൊരുങ്ങി പോലീസ്. ഇന്ന് മുതല്‍ ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്ക് കൊലപാതക കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും ഇരുത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇവര്‍ പഠിച്ച സ്‌കൂളിലേക്ക് ജുവനൈല്‍ ഹോമില്‍ നിന്ന് പ്രതികളെ എത്തിക്കുമ്പോഴുണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്‌നം പരിഗണിച്ചാണ് പരീക്ഷാ കേന്ദ്രം മാറ്റാനുള്ള നീക്കം. ജുവൈനല്‍ ഹോമിനടുത്ത കേന്ദ്രത്തില്‍ പരീക്ഷക്കിരുത്താനുള്ള സജ്ജീകരണം ആവശ്യപ്പെട്ട് പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികളെ പരീക്ഷക്കിരുത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരീക്ഷക്കെത്തിക്കുന്നത് തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ക്രൂരമായ മര്‍ദനമേറ്റത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. പ്രതികള്‍ നിലവില്‍ ജുവനൈല്‍ ഹോമിലാണുള്ളത്.