International
ഷഹബാസ് ഷരീഫിനെ പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുന്‍പേ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങളും രാജിവച്ചു.

ഇസ്ലാമാബാദ് | പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് അധ്യക്ഷന്‍ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഉടൻ നടക്കും. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് 70 കാരനായ ഷഹബാസ്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുന്‍പേ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങളും രാജിവച്ചു.
അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്ന് വൈസ് ചെയര്‍മാന്‍ ഷാ മഹമ്മൂദ് ഖുറേഷിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചതോടെ ഷഹബാസ് ഷെരീഫ് തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു
അവിശ്വാസ വോട്ടെടുപ്പിലൂടെ ഇമ്രാന്‍ ഖാന്‍ പുറത്തായതോടെയാണ് ദേശീയ അസംബ്ലി ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്. സുപ്രീം കോടതി ഇടപെടലിനു ശേഷവും അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പു നടത്താതെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നു വ്യക്തമായതോടെ, ശനിയാഴ്ച രാത്രി വൈകി സേനാമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹമുയര്‍ന്നു. സുപ്രീം കോടതി അടിയന്തര സിറ്റിങ് നടത്താനും തീരുമാനിച്ചു. ഇതോടെ അര്‍ധരാത്രി വീണ്ടും സഭ ചേര്‍ന്നപ്പോള്‍ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജി നല്‍കി ഭരണപക്ഷം സഭ വിട്ടു. മുതിര്‍ന്ന പ്രതിപക്ഷാംഗം ഇടക്കാല സ്പീക്കറായി ചുമതലയേറ്റാണു വോട്ടെടുപ്പു നടത്തിയത്.