International
ഷഹബാസ് ഷെരീഫ് പാക് പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഇസ്ലാമാബാദ് | പാക്കിസ്ഥാനില്‍ ഷഹബാസ് ഷെരീഫ് പുതിയ പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് പ്രസിഡന്റ് ആരിഫ് ആല്‍വി അവധിയില്‍ പോയ സാഹചര്യത്തില്‍ സെനറ്റ് ചെയര്‍മാന്‍ സ്വാദിഖ് സഞ്ജറാണി മുമ്പാകെയാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ഷഹബാസ് ഷെരീഫ് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ദാരിദ്ര്യ നിര്‍മാജനത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് ക്ഷണിച്ചു. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയര്‍ത്തുന്നതായി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.
പാക് പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സമാധാനവും സ്ഥിരതയുമുള്ള ഭീകര വിരുദ്ധാന്തരീക്ഷം ഉണ്ടാകണമെന്നതാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എങ്കിലേ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയൂവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.