International
പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു
രണ്ടാം തവണയാണ് ഷഹബാസ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നത്
![](https://assets.sirajlive.com/2024/03/shehabaz-sherif-897x538.jpg)
ഇസ്ലാമാബാദ് | കാത്തിരിപ്പുകള്‍ക്കൊടുവില്‍ പാകിസ്ഥാനില്‍ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഷഹബാസ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നത്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവാണ് ഷഹബാസ് ഷരീഫ്.
ദേശീയ അസംബ്ലിയാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. 201 അംഗങ്ങളുടെ പിന്തുണയോടെയാണ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥിയായ ഒമര്‍ അയ്യൂബ് ഖാന് 92 വോട്ടുകള്‍ ലഭിച്ചു. മൂന്ന് തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്.
ഏറെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം വരാന്‍ അസാധാരണമായ താമസമുണ്ടായി. ഇന്റര്‍നെറ്റ് നിരോധനവും അറസ്റ്റുകളും ഉണ്ടായി. വോട്ടില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തു. വോട്ടെണ്ണലില്‍ കൃത്രിമം നടന്നതായി സമ്മതിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രാജി വെച്ചതും വാര്‍ത്തയായിരുന്നു.