Connect with us

from print

ശഹബാസ് എത്തില്ല; നമ്പര്‍ മാത്രം പരീക്ഷാ ഹാളില്‍

മാതൃകാ പരീക്ഷക്ക് ശഹബാസ് ഇരുന്നത് ഇതേ ഹാളിലെ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്നു

Published

|

Last Updated

കൊടുവള്ളി | ഇന്ന് എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കുമ്പോള്‍ എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 49ാം നമ്പര്‍ പരീക്ഷാ ഹാളിലെ ഏറ്റവും പിറകിലെ ബെഞ്ചില്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ
മുഹമ്മദ് ശഹബാസ് ഉണ്ടാകില്ല. ശഹബാസിന്റെ ഓര്‍മകള്‍ നിറഞ്ഞ പരീക്ഷാമുറിയിലെ ബോര്‍ഡില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ സ്‌കൂളിലെ ജീവനക്കാരന്‍ അബ്്ദുര്‍റഹീം, ശഹബാസിന്റെ രജിസ്റ്റര്‍ നമ്പറെഴുതി- 628307.

ഇരുപത് കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള ഹാളിലെ അവസാന വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ശഹബാസ്. അതുകൊണ്ടുതന്നെ ശഹബാസിന്റെ നമ്പര്‍ ക്ലാസ്സ് റൂമിലെ ബോര്‍ഡിലും ഇടംപിടിച്ചിരുന്നു. 21ന് സമാപിച്ച മാതൃകാ പരീക്ഷക്ക് ശഹബാസ് ഇരുന്നത് ഇതേ ഹാളിലെ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്നു. പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ഥികളില്‍ സമ്മര്‍ദം കുറക്കാന്‍ മാതൃകാ പരീക്ഷയെഴുതിയ ക്ലാസ്സ് മുറിയിലെ അതേ ഇരിപ്പിടം തന്നെയാണ് പൊതുപരീക്ഷക്കും നിശ്ചയിച്ചിരുന്നത്.

പരീക്ഷാ ഹാളിലെ മറ്റു ഡെസ്‌കുകളിലെഴുതിയ രജിസ്റ്റര്‍ നമ്പര്‍ മാഞ്ഞുതുടങ്ങിയിരുന്നു. പക്ഷേ, ഇടതുവശത്തെ ഏറ്റവും പിന്നിലെ ഡെസ്‌കില്‍ ആ രജിസ്റ്റര്‍ നമ്പര്‍ മാത്രം മായാതെ അവിടെയുണ്ടായിരുന്നു. ഇനിയൊരിക്കലും പരീക്ഷയെഴുതാന്‍ എത്തില്ലെന്നുറപ്പുള്ള ശഹബാസിനെയും കാത്ത്.

 

Latest